ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടയിൽ, ഇരുരാജ്യങ്ങളും ഉടൻ തന്നെ ഒരു വലിയ വ്യാപാര കരാറിലേക്ക് എത്തിയേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും രണ്ട് രാജ്യങ്ങളും തമ്മിൽ കരാറിലെത്താൻ സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ “നല്ല സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച ട്രംപ്, തങ്ങൾ തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഉള്ളതെന്നും ഓർമ്മിപ്പിച്ചു. “നമ്മൾ ഇപ്പോൾ ഇന്ത്യയിൽ നിന്ന് ധാരാളം പണം സമ്പാദിക്കുന്നുണ്ട്. എങ്കിലും നമ്മൾ ഉടൻ തന്നെ ഒരു വലിയ കരാറിലേക്ക് എത്തും. കാരണം എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ ഒരുപാട് ഇഷ്ടമാണ്; അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്, ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധമാണുള്ളത്” ട്രംപ് പറഞ്ഞു.
വിപണിയിലെ കൂടുതൽ പങ്കാളിത്തത്തിനും വ്യാപാരം വിപുലീകരിക്കുന്നതിനുമായി ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രതികരണം.

