Saturday, June 20, 2026

‘റഷ്യൻ റിലേ സ്റ്റേഷനുകൾ മാറ്റിയില്ലെങ്കിൽ ഞങ്ങൾ തകർക്കും’; കടുത്ത നിലപാടുമായി സെലൻസ്കി

യുക്രൈനെതിരായ ആക്രമണങ്ങൾക്ക് റഷ്യയെ സഹായിക്കുന്ന തങ്ങളുടെ അതിർത്തിയിലെ റിലേ സ്റ്റേഷനുകൾ മാറ്റാൻ ബെലാറസിന് അന്ത്യശാസനം നൽകി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. ബെലാറസ് ഭരണാധികാരി അലക്സാണ്ടർ ലുകാഷെങ്കോയ്ക്ക് ഇതിനായി ഒരാഴ്ചത്തെ സമയമാണ് സെലൻസ്കി അനുവദിച്ചിരിക്കുന്നത്.

“അദ്ദേഹം അത് ചെയ്യുന്നില്ലെങ്കിൽ, ഞങ്ങൾ അത് ചെയ്യും. യുദ്ധത്തിൽ പങ്കാളിയാകാൻ താല്പര്യമില്ലെന്ന് വെറുതെ പറയുന്നതിൽ എന്ത് കാര്യമാണുള്ളത്? ലുകാഷെങ്കോ ഈ റഷ്യൻ ഉപകരണങ്ങൾ അവിടെനിന്ന് മാറ്റുകയോ ഓഫാക്കുകയോ ചെയ്യട്ടെ. അതിന് ഒരാഴ്ചത്തെ സമയം ധാരാളമാണ്” എന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകി.

യുക്രൈനെതിരെയുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കുന്ന സിഗ്നൽ റിലേ സംവിധാനങ്ങൾ പ്രധാനമായും അതിർത്തി പ്രദേശങ്ങളിലെ ടവറുകളിലും ഡ്രോണുകളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. യുക്രൈനിലെ പൗരന്മാരെയും ഊർജ്ജ-റെയിൽവേ ഇൻഫ്രാസ്ട്രക്ചറുകളെയും ലക്ഷ്യമിട്ട് റഷ്യൻ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇത്തരം റിലേ സ്റ്റേഷനുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള രണ്ട് ബെലാറസ് മേഖലകളിലാണ് റഷ്യൻ സൈന്യത്തെ സഹായിക്കുന്ന സിഗ്നൽ റിലേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. റഷ്യൻ സൈന്യത്തിന് ആവശ്യമായ ഇന്ധനം എത്തിക്കുന്ന പ്രധാന സ്രോതസ്സായി ബെലാറസിലെ എണ്ണ ശുദ്ധീകരണ ശാലകൾ മാറിയെന്നും, അത് തടയാൻ ലുകാഷെങ്കോയ്ക്ക് അധികാരമുണ്ടെന്നും സെലൻസ്കി ഓർമ്മിപ്പിച്ചു. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകളെ തകർക്കാൻ യുക്രൈൻ റഷ്യൻ എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കുന്നതിനിടയിലാണ് ബെലാറസിനെതിരെയുള്ള ഈ കടുത്ത നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News