യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി റഷ്യൻ ലക്ഷ്യങ്ങൾക്കെതിരെ 40 ദിവസം നീണ്ടുനിൽക്കുന്ന ശക്തമായ സൈനിക നീക്കത്തിന് യുക്രൈൻ തുടക്കം കുറിച്ചു. യുക്രൈൻ സുരക്ഷാ വിഭാഗം തലവനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ ‘ബ്ലിറ്റ്സ്’ (Blitz) ആക്രമണം പ്രഖ്യാപിച്ചത്.
ആക്രമണത്തിന്റെ ആദ്യ ഘട്ടമെന്നോണം മുൻനിരയിൽ നിന്നും 1,500 കിലോമീറ്റർ അകലെയുള്ള റഷ്യയുടെ രണ്ട് പ്രമുഖ എണ്ണശുദ്ധീകരണ ശാലകളും ക്രാസ്നോദർ മേഖലയിലെ എണ്ണശേഖരണ കേന്ദ്രവും യുക്രൈൻ തകർത്തു. ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിലെ നാലാമത്തെ വലിയ എണ്ണശുദ്ധീകരണ ശാലയായ ‘നോർസി’ (Norsi) പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
യുക്രൈൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യൻ അധിനിവേശ പ്രദേശങ്ങളായ ക്രിമിയയിലും ഖേർസണിലും വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായി. ക്രിമിയയിലെ ഏറ്റവും വലിയ നഗരമായ സെവാസ്റ്റോപോൾ പൂർണ്ണമായും ഇരുട്ടിലാണ്. യുക്രൈനെതിരെ ആക്രമണം നടത്താൻ റഷ്യ ഉപയോഗിച്ചിരുന്ന ബെലാറസിലെ റിലേ സ്റ്റേഷനുകൾ സ്വിച്ച് ഓഫ് ചെയ്തതായി യുക്രൈൻ ഇന്റലിജൻസ് സ്ഥിരീകരിച്ചു. സ്റ്റേഷനുകൾ നീക്കം ചെയ്യണമെന്ന സെലൻസ്കിയുടെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെയാണിത്.

