രാജ്യത്തിന്റെ മിസൈൽ നവീകരണ പദ്ധതികളുടെ ഭാഗമായി അത്യാധുനിക ആയുധങ്ങളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഉത്തര കൊറിയ. വ്യാഴാഴ്ച നടന്ന പരീക്ഷണങ്ങൾക്ക് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് നേതൃത്വം നൽകിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
അത്യാധുനിക സാങ്കേതികവിദ്യ കൂട്ടിച്ചേർത്ത് പരിഷ്‌കരിച്ച മൂന്ന് പ്രമുഖ ആയുധങ്ങളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ആയുധ പരീക്ഷണങ്ങളിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയ കിം ജോങ് ഉൻ, ഉത്തര കൊറിയൻ ആയുധ പരിപാടികളിൽ ഓട്ടോമേഷൻ, ദീർഘദൂര ശേഷി, അതീവ കൃത്യത എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ദക്ഷിണ കൊറിയയുമായുള്ള തങ്ങളുടെ തെക്കൻ അതിർത്തിയിലെ പ്രതിരോധം ശക്തമാക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നത്.
ആധുനിക യുദ്ധമുറകൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രിത പ്രിസിഷൻ ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും തങ്ങൾ വിജയകരമായി പരീക്ഷിച്ചതായി കഴിഞ്ഞ മെയ് മാസത്തിലും ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയൻ അതിർത്തിക്ക് സമീപം ഈ പുത്തൻ ആയുധങ്ങൾ വിന്യസിക്കാനാണ് പ്യോങ്യാങ്ങിന്റെ നീക്കം.

