Wednesday, July 29, 2026

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 25

1978 ജൂലൈ 25 നാണ് ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ പേര് ലൂയീസ് ബ്രൗൺ എന്നായിരുന്നു. ലെസ്ലി, പീറ്റർ ബ്രൗൺ എന്നിവരായിരുന്നു മാതാപിതാക്കൾ. ഫലോപ്പിയൻ നാളികളിലെ ബ്ലോക്ക് മൂലം വർഷങ്ങളോളം പലതരം വന്ധ്യതാചികിത്സകൾ നടത്തി പരാജയപ്പെട്ടുനിൽക്കവെയാണ് മാഞ്ചസ്റ്ററിലെ ഡോക്ടർമാർ, അപ്പോൾ പരീക്ഷണഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു സംഗതിയെപ്പറ്റി ലെസ്ലി ബ്രൗണിനോടു പറഞ്ഞത്. ടെസ്റ്റ് ട്യൂബിലുള്ള ബീജസങ്കലനമായിരുന്നു ആ പരീക്ഷണം. അങ്ങനെ 1977 നവംബറിൽ ലെസ്ലി ലോകത്തിൽ ആദ്യമായി നടത്തപ്പെട്ട ഐവിഎഫ് പരീക്ഷണത്തിനു വിധേയയായി. ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റായ പാട്രിക് സ്റ്റെപ്ടോ, ശാസ്ത്രജ്ഞനായ റോബർട്ട് എഡ്വാർഡ്സ് എന്നിവരായിരുന്നു ഗർഭധാരണത്തിനുള്ള ഈ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തവർ.

ആദ്യമായി ഒരു വനിത ബഹിരാകാശത്ത് നടന്നത് 1984 ജൂലൈ 25 നായിരുന്നു. റഷ്യക്കാരിയായ സ്വെറ്റ്ലാന സവിത്സ്കയ ആയിരുന്നു അത്. മൂന്നു മണിക്കൂർ 35 മിനിറ്റായിരുന്നു ബഹിരാകാശ നടത്തത്തിന്റെ ദൈർഘ്യം. സോയൂസ് ടി സെവൻ മിഷന്റെ ഭാഗമായാണ് അവർ ബഹിരാകാശത്തേക്കു പറന്നത്. വലന്റീന തെരഷ്കോവയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ വനിതയാണ് സ്വെറ്റ്ലാന. രണ്ടുതവണ ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിതയും സ്വെറ്റ്ലാനാ തന്നെയായിരുന്നു.

2007 ജൂലൈ 25 നാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റാണ്ടായി പ്രതിഭാ പാട്ടീൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. രാജ്യത്തിന്റെ പതിമൂന്നാമാത് രാഷ്ട്രപതിയായാണ് പ്രതിഭാ പാട്ടീൽ അധികാരമേറ്റത്. 6,38,116 വോട്ടുകൾ നേടിയാണ് അവർ വിജയിച്ചത്. ഭൈറോൺ സിംഗ് ഷെഖാവത്തായിരുന്നു എതിർ സ്ഥാനാർഥി. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതിസ്ഥാനത്ത് എത്തുന്നതിനു മുൻപ് രാജസ്ഥാൻ ഗവർണർ ആയിരുന്നു. 1986 മുതൽ 1988 വരെ രാജ്യസഭാ ഉപാധ്യക്ഷയുമായിരുന്നു. മഹാരാഷ്ട്രയിലാണ് ജനനം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News