സ്വന്തം രാജ്യത്തെ എബോള പടർച്ചയെത്തുടർന്ന് സ്പെയിനിലെ ഒരു നഗരം സൗഹൃദ മത്സരത്തിന് അനുമതി നിഷേധിച്ചെങ്കിലും, ലോകകപ്പ് മുന്നൊരുക്കങ്ങളുമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC) ടീം മുന്നോട്ട്. സ്പെയിനിൽ വച്ച് ചിലിക്കെതിരെ നിശ്ചയിച്ചിരുന്ന മത്സരം മുടങ്ങിയ പശ്ചാത്തലത്തിൽ, മറ്റൊരു വേദി കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കോംഗോ പരിശീലകൻ സെബാസ്റ്റ്യൻ ഡെസാബ്രെ വ്യക്തമാക്കി.
ബെൽജിയത്തിലെ പത്ത് ദിവസത്തെ പരിശീലനക്യാമ്പ് പൂർത്തിയാക്കിയ കോംഗോ ടീം, കഴിഞ്ഞദിവസം ഡെന്മാർക്കിനോട് ഗോളില്ലാ സമനില (0-0) വഴങ്ങിയിരുന്നു. ഇതിന് ശേഷമാണ് ടീം സ്പെയിനിലേക്ക് തിരിച്ചത്. സ്പെയിനിലെ ലാ ലിനിയ ഡി ലാ കൺസെപ്ഷൻ (La Linea de la Concepcion) എന്ന നഗരത്തിലാണ് കോംഗോ-ചിലി മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ആഫ്രിക്കൻ രാജ്യത്തെ എബോള വൈറസ് ബാധ ചൂണ്ടിക്കാട്ടി അവിടുത്തെ മേയർ മത്സരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ടീമിലെ ഭൂരിഭാഗം കളിക്കാരും സ്റ്റാഫും യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണെന്നതും കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവർ ബെൽജിയത്തിലായിരുന്നു എന്നതും നഗരസഭ അധികൃതർ കണക്കിലെടുത്തില്ല.
ആരോഗ്യപരവും കായികപരവുമായ എല്ലാ നിയമങ്ങളും പാലിച്ചാണ് തങ്ങളുടെ ടീം എത്തിയതെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും കോംഗോ ഫുട്ബോൾ ഫെഡറേഷനും വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കോംഗോയുടെ കിഴക്കൻ മേഖലയിൽ നിലവിൽ 344 ഇബോള കേസുകളും 60 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വന്തം നാട്ടിലെ ഈ അവസ്ഥ കളിക്കാരെയും മാനസികമായി ബാധിച്ചിട്ടുണ്ടെന്നും എന്നാൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ടീം കഠിനാധ്വാനം ചെയ്യുമെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

