തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിലും മഴയുടെ തീവ്രത വർദ്ധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ കാലവർഷം കേരള തീരത്തെത്തിയത്. ആദ്യ വാരത്തിൽ തന്നെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള എട്ട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്.
നാളെ സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ അതീവ ജാഗ്രതാ നിർദ്ദേശമുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 11 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്ക് ഇതിലൂടെ സാധ്യതയുണ്ട്.

