2022 ജൂൺ അഞ്ചിന് പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ നൈജീരിയയിലെ ഒവോയിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിൽ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത നാല് പ്രതികൾക്ക് അബുജ ഫെഡറൽ ഹൈക്കോടതി വധശിക്ഷ വിധിച്ചു. ജസ്റ്റിസ് എമേക്ക നൈറ്റെയാണ് വിധി പ്രസ്താവിച്ചത്.
ഇദ്രിസ് അബ്ദുൾ മാലിക് ഒമേസ, അൽ ഖാസിം ഇദ്രിസ്, ജാമിയു അബ്ദുൾ മാലിക്, അബ്ദുൾ ഹലീം ഇദ്രിസ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. എന്നാൽ, മതിയായ തെളിവുകളുടെ അഭാവത്തിൽ അഞ്ചാം പ്രതിയായ മോമോ ഒട്ടുഹ അബൂബക്കറിനെ കോടതി വെറുതെവിട്ടു. തീവ്രവാദ സംഘടനയായ അൽ ഷബാബിൽ അംഗങ്ങളായ പ്രതികൾക്കെതിരെ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കൽ തുടങ്ങിയ ഒൻപതോളം കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചതായി കോടതി വ്യക്തമാക്കി.
അതേസമയം, വധശിക്ഷയ്ക്കു പുറമെ ഭീകരസംഘടനയിൽ പ്രവർത്തിച്ചതിന് ജീവപര്യന്തം തടവും ഗൂഢാലോചനയ്ക്ക് 20 വർഷം കഠിനതടവും പ്രതികൾക്ക് കോടതി വിധിച്ചിട്ടുണ്ട്. 2022 ലെ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു ദൈവാലയത്തിൽ അതിക്രമിച്ചുകയറിയ സായുധസംഘം വിശ്വാസികൾക്കു നേരെ വെടിയുതിർക്കുകയും സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തത്. കുട്ടികളടക്കം നാൽപതിലധികം പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ദുരന്തം അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ദുരന്തത്തിന്റെ അഞ്ചാം വാർഷികചടങ്ങുകൾക്കിടെ പുറത്തുവന്ന വിധിയോട് പ്രാദേശിക ബിഷപ്പ് മോൺസിഞ്ഞോർ ജൂഡ് അരോഗുൺഡാഡെ പ്രതികരിച്ചു. രാജ്യത്തെ നിയമം അതിന്റെ വഴിക്ക് നടന്നുവെന്നും ഒരു പരിധിവരെ നീതി നടപ്പിലായെന്നും ആളുകൾ പറഞ്ഞേക്കാം. എന്നാൽ, ക്രൂരമായി കൊലചെയ്യപ്പെട്ട 41 പേരുടെ ജീവൻ തിരികെ നൽകാൻ ഇതിനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇനി അവശേഷിക്കുന്നത് ഈ ആക്രമണത്തിൽ മുറിവേറ്റവരുടെ ഉള്ളിലെ വ്രണങ്ങൾ ഉണക്കുക എന്ന വലിയ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിവിധി ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുന്നതാണെന്ന് ഒണ്ടോ സ്റ്റേറ്റ് ഗവർണർ ലക്കി ഐയേദതിവ പറഞ്ഞു. എന്നാൽ, കുറ്റാരോപിതരെ അധികൃതർ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ആരോപിച്ച പ്രതിഭാഗം വക്കീൽ വിധിക്കെതിരെ ഉടൻതന്നെ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നൈജീരിയയിൽ സാധാരണയായി വധശിക്ഷ നടപ്പിലാക്കാൻ ഗവർണർമാരുടെ പ്രത്യേക അനുമതി ആവശ്യമായതിനാൽ 2016 നു ശേഷം രാജ്യത്ത് വധശിക്ഷകൾ കാര്യമായി നടപ്പാക്കിയിട്ടില്ല.

