ഇറാനിൽ ചെക്ക്പോസ്റ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഭരണകൂടം കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ജനങ്ങൾ അയച്ച സന്ദേശങ്ങളെ ഉദ്ധരിച്ച് മാധ്യമമായ ‘ഇറാൻ ഇന്റർനാഷണൽ’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. സൈനിക സ്വഭാവമുള്ള പരിപാടികളിലും കൗമാരക്കാരെയും കുട്ടികളെയും പങ്കെടുപ്പിക്കുന്നതായി ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രായപൂർത്തിയാകാത്തവരെ സൈനിക-സുരക്ഷാ ആവശ്യങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്ന അന്താരാഷ്ട്ര കൺവെൻഷനുകളുടെയും യുദ്ധനിയമങ്ങളുടെയും ലംഘനമാണ് ഇറാനിൽ നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനിൽ, ജനങ്ങളെ സ്വാധീനിക്കാൻ ഭരണകൂടം പണവും ഭക്ഷണവും നൽകി ആകർഷിക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് വടക്കൻ ഇറാനിലെ ഫെറെയ്ദൂങ്കെനാർ നിവാസി വ്യക്തമാക്കുന്നു.
ഭരണകൂടം സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ കുട്ടികൾക്ക് തോക്കുകൾ നൽകുകയും സൈനിക പരിശീലനം നൽകുകയും ചെയ്യുന്നതായും ജനങ്ങൾ ആരോപിക്കുന്നു. പൊതുപരിപാടികൾ നടക്കുന്ന സമയങ്ങളിൽ ചായയും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്ന സ്റ്റാളുകളിൽ പോലും കുട്ടികളെ വിന്യസിക്കാറുണ്ട്. ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബസ്തക് എന്ന സ്ഥലത്തിന്റെ പ്രവേശന കവാടത്തിൽ എല്ലാ രാത്രിയിലും കുട്ടികളുടെ കൈകളിൽ തോക്കുകൾ നൽകി കാവൽ നിർത്താറുണ്ടെന്ന് മറ്റൊരു നാട്ടുകാരൻ വെളിപ്പെടുത്തി. ഇറാനിലെ ആഭ്യന്തര പ്രതിസന്ധികൾ മറച്ചുവെക്കാനും ഭരണകൂടത്തിന്റെ സ്വാധീനം ഉറപ്പിക്കാനും കുട്ടികളെ ആയുധമാക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.

