വാഷിംഗ്ടണിലെ വിഖ്യാതമായ കെന്നഡി സെന്ററിൽ നിന്ന് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നീക്കം ചെയ്യാൻ അധികൃതർ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി. കെന്നഡി സെന്ററിന്റെ പേര് മാറ്റിയ ട്രംപിന്റെ കഴിഞ്ഞ വർഷത്തെ നടപടി റദ്ദാക്കിക്കൊണ്ടുള്ള ഫെഡറൽ കോടതി വിധിയെത്തുടർന്നാണ് ഈ അടിയന്തര നീക്കം.
സ്ഥാപനത്തിന്റെ ഔദ്യോഗിക രേഖകൾ, ഇമെയിൽ ഒപ്പുകൾ, ലെറ്റർഹെഡുകൾ എന്നിവയിൽ നിന്ന് ട്രംപിന്റെ പേര് അടിയന്തരമായി നീക്കം ചെയ്യണമെന്നും, ‘ദി ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്സ്’ എന്ന പഴയ പേര് തന്നെ ഉപയോഗിക്കണമെന്നും കെന്നഡി സെന്റർ ജനറൽ കൗൺസിലിന്റെ മെമ്മോയിൽ വ്യക്തമാക്കുന്നു. വെബ്സൈറ്റുകൾ, ബ്രോഷറുകൾ, ബോർഡുകൾ എന്നിവയിലെ മാറ്റങ്ങൾ ജൂൺ 12-നകം പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് കെന്നഡി സെന്ററിന്റെ ബോർഡ് അംഗങ്ങളെ മാറ്റി സ്വയം ട്രസ്റ്റി പദവിയിലെത്തിയ ട്രംപ്, കെട്ടിടത്തിന്റെ മുഖ്യഭാഗത്ത് കെന്നഡിയുടെ പേരിന് മുന്നിലായി സ്വന്തം പേര് കൂട്ടിച്ചേർത്തത്. ഇതിനെതിരെ കെന്നഡി സെന്റർ ബോർഡ് അംഗവും ഡെമോക്രാറ്റിക് പ്രതിനിധിയുമായ ജോയ്സ് ബീറ്റി കോടതിയെ സമീപിക്കുകയായിരുന്നു. കോൺഗ്രസിന്റെ പ്രത്യേക അനുമതിയില്ലാതെ കെന്നഡി സെന്ററിന്റെ പേര് മാറ്റാൻ കഴിയില്ലെന്ന് മെയ് 29-ന് വാഷിംഗ്ടൺ ഫെഡറൽ ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ വിധിച്ചു. 14 ദിവസത്തിനകം കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രംപിന്റെ പേരുള്ള എല്ലാ ബോർഡുകളും ഔദ്യോഗിക പരാമർശങ്ങളും നീക്കം ചെയ്യണമെന്നും കോടതി ട്രംപ് ഭരണകൂടത്തിന് നിർദ്ദേശം നൽകുകയായിരുന്നു.

