തന്റെ വാർഷിക വേനൽക്കാല വിശ്രമത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ കാസിൽ ഗാൻഡോൾഫോയിലെത്തി. ജൂലൈ അഞ്ചു ഞായറാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാനിൽ നിന്ന് പുറപ്പെട്ട മാർപാപ്പ ജൂലൈ 27 തിങ്കളാഴ്ച വരെ അവിടെ തുടരുമെന്ന് വത്തിക്കാൻ പ്രിഫെക്ചർ ഓഫീസ് അറിയിച്ചു.
മാർപാപ്പയുടെ വിശ്രമകാലമായതിനാൽ ഈ ദിവസങ്ങളിൽ വത്തിക്കാനിലെ പൊതു – സ്വകാര്യ കൂടിക്കാഴ്ചകളും പ്രത്യേക അഭിമുഖങ്ങളും പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചു ബുധനാഴ്ച മുതലായിരിക്കും വത്തിക്കാനിലെ പൊതുദർശനങ്ങൾ പുനരാരംഭിക്കുക.
വത്തിക്കാനിൽ നിന്നും ഏകദേശം ഒരു മണിക്കൂർ യാത്രാദൂരമുള്ള കാസിൽ ഗാൻഡോൾഫോയിലെ കൊട്ടാരത്തിൽ വെച്ചായിരിക്കും ജൂലൈ മാസത്തിലെ ഞായറാഴ്ചകളിൽ മാർപാപ്പ ആഞ്ചലൂസ് പ്രാർത്ഥന നയിക്കുക. പതിവായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കാറുള്ള ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് ഇത്തവണ കാസിൽ ഗാൻഡോൾഫോയിൽ അവസരമുണ്ടാകും.
കഴിഞ്ഞ വർഷവും മാർപാപ്പ വേനൽക്കാല അവധി ഇവിടെയാണ് ചെലവഴിച്ചത്. അന്ന് വിശ്രമത്തിനിടയിലും പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിച്ച ‘ബോർഗോ ലൗദാത്തോ സി’ വില്ലേജിൽ പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഉൾപ്പെടെയുള്ള പ്രമുഖരുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു.

