കോട്ടയം നഗരത്തിന് സമീപമുള്ള എസ്.എച്ച്. മൗണ്ടിൽ പ്രവർത്തിക്കുന്ന പ്രമുഖ ടിഷ്യൂ പേപ്പർ നിർമ്മാണ യൂണിറ്റായ ‘ജെ.എൻ. ഇൻഡസ്ട്രീസിൽ’ വൻ തീപിടിത്തം. ഞായറാഴ്ച വൈകുന്നേരം ആറേകാലോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ആകെ ആറ് കെട്ടിടങ്ങൾ ഉൾപ്പെടുന്ന വലിയൊരു ഫാക്ടറി കോംപ്ലക്സിലെ മൂന്ന് കെട്ടിടങ്ങൾ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.
കെട്ടിടത്തിനുള്ളിൽ എളുപ്പത്തിൽ തീപിടിക്കുന്ന ടിഷ്യൂ പേപ്പറുകൾ വൻതോതിൽ സൂക്ഷിച്ചിരുന്നതിനാൽ വളരെ വേഗത്തിലാണ് തീ എല്ലാ ഭാഗങ്ങളിലേക്കും പടർന്നുപിടിച്ചത്. അതിനെ തുടർന്ന് കനത്ത പുക ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞതും ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചതും. ഞായറാഴ്ച അവധി ദിനമായതിനാൽ ഫാക്ടറിക്കുള്ളിൽ ജീവനക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നത് വലിയൊരു ആളപായം ഒഴിവാക്കി.
കെട്ടിടത്തിനുള്ളിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് പെട്ടെന്ന് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. സംഭവത്തിൽ ഫയർഫോഴ്സും പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

