കേരളത്തിലും മഹാരാഷ്ട്രയിലും കാലവർഷം അതിശക്തമായി തുടരുന്നു. കേരളത്തിൽ മധ്യ-വടക്കൻ ജില്ലകളിൽ വരുംദിവസങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം. അതേസമയം, മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.
സംസ്ഥാനത്ത് മഴ ശക്തമായതിനെത്തുടർന്ന് വടക്കൻ കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
മഹാരാഷ്ട്രയിൽ, പ്രത്യേകിച്ച് മുംബൈ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തിലെ വെള്ളക്കെട്ടുകൾക്ക് നേരിയ ശമനമുണ്ടെങ്കിലും വരുംദിവസങ്ങളിലും മഴ തുടരുമെന്ന പ്രവചനത്തെത്തുടർന്ന് മുംബൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി മുംബൈയിലെ സർക്കാർ – സ്വകാര്യസ്കൂളുകൾക്ക് ഇന്ന് അവധി നൽകി.

