പശ്ചിമ ബംഗാൾ സർക്കാർ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കി പകരം പനീറും സോയയും ഉൾപ്പെടുത്തിയത് ദേശീയതലത്തിൽ രാഷ്ട്രീയചർച്ചകൾക്ക് വഴിവെച്ചപ്പോൾ, തികച്ചും വ്യത്യസ്തമായ മാതൃകയുമായി കേരളം. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പരിഷ്കരിച്ച ഉച്ചഭക്ഷണ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണ് സംസ്ഥാനം. അംഗൻവാടി വിദ്യാർഥിയായ ശങ്കു എന്ന നാല് വയസ്സുകാരന്റെ പ്രശസ്തമായ ആവശ്യത്തെത്തുടർന്ന് മെനുവിൽ ഉൾപ്പെടുത്തിയ ബിരിയാണിയും കുട്ടികൾക്ക് പ്രിയങ്കരമായി മാറിക്കഴിഞ്ഞു.
വിലക്കയറ്റത്തിന്റെ പ്രതിസന്ധികൾക്കിടയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പോഷകസമൃദ്ധമായ ഭക്ഷണമാണ് നൽകിവരുന്നത്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്ന് കുട്ടികളെ മാറ്റിനിർത്താനും പരമ്പരാഗതമായ പോഷകാഹാരം ഉറപ്പാക്കാനുമായി സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പുതിയ മെനു തയ്യാറാക്കിയത്.
2025 ഓഗസ്റ്റ് ഒന്നിലെ ഔദ്യോഗിക സർക്കുലർ പ്രകാരം വിവിധതരം കറികൾ, തോരൻ, പച്ചടി എന്നിവയ്ക്കു പുറമെ റാഗി വിഭവങ്ങൾ, പായസം, പുതിന, നെല്ലിക്ക, മാങ്ങ എന്നിവ കൊണ്ടുള്ള ചട്നികൾ ഉൾപ്പെടെ 20 വ്യത്യസ്ത കോമ്പിനേഷനുകളാണ് മെനുവിലുള്ളത്. ആഴ്ചയിൽ രണ്ട് ദിവസം പാലും, ആഴ്ചയിൽ ഒരു ദിവസം പുഴുങ്ങിയ മുട്ടയും നൽകുന്നു. മുട്ട കഴിക്കാത്ത കുട്ടികൾക്ക് നേന്ത്രപ്പഴമാണ് നൽകുക. മാത്രമല്ല, മുട്ട ബിരിയാണി, മുട്ട അവിയൽ, മുട്ട റോസ്റ്റ് എന്നിവയും ചെറുധാന്യങ്ങൾ (Millets) കൊണ്ടുള്ള വിഭവങ്ങളും മെനുവിന്റെ ഭാഗമാണ്.

