Thursday, July 9, 2026

ലോകകപ്പ് ഫൈനൽ വേദിയിൽ സംഗീതവിരുന്നുമായി ജസ്റ്റിൻ ബീബറും മഡോണയും

ന്യൂയോർക്കിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ ഇടവേളയിൽ സംഗീതവിരുന്നുമായി ലോകപ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറും അണിനിരക്കും. ജൂലൈ 19-ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ മഡോണ, ഷക്കീറ, പ്രശസ്ത കൊറിയൻ സംഗീതസംഘമായ ബി.ടി.എസ്. എന്നിവർക്കൊപ്പമാണ് ജെസ്റ്റിൻ ബീബർ വേദി പങ്കിടുന്നത്. ആഗോളതലത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ ഫണ്ട് ശേഖരണത്തിനായി നടത്തുന്ന പതിനൊന്ന് മിനിറ്റ് നീളുന്ന ഈ കലാപരിപാടി വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.

ലോകകപ്പ് ടൂർണമെന്റിന്റെ തുടക്കത്തിൽ പാടിയ ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാ ബോയും ഫൈനൽ വേദിയിലും എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ച് പാടിയ ‘ദായ് ദായ്’ എന്ന ഗാനം ഇതിനകം തന്നെ ലോകമെമ്പാടും വലിയ തരംഗമായി മാറിയിട്ടുണ്ട്. നിലവിൽ ആതിഥേയ രാജ്യങ്ങളായ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ പുറത്തായെങ്കിലും എട്ട് ശക്തമായ ടീമുകൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആവേശത്തോടെ പുരോഗമിക്കുകയാണ്.

നാളെ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് കരുത്തരായ മൊറോക്കോയെ നേരിടും. ടൂർണമെന്റിൽ എട്ട് ഗോളുകളുമായി അർജന്റീനയുടെ ലയണൽ മെസ്സിയാണ് നിലവിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി മുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ ഏഴ് ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും നോർവേയുടെ എർലിങ് ഹാളണ്ടും ഉണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News