ലക്ഷക്കണക്കിന് അഭയാർത്ഥികൾ കഴിയുന്ന ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പിൽ, രോഹിംഗ്യൻ ജനതയുടെ ചരിത്രവും സാംസ്കാരിക സ്വത്വവും സംരക്ഷിക്കുന്നതിനായി പുതിയ പൈതൃക കേന്ദ്രം തുറന്നു. മ്യാൻമറിലെ സൈനിക അടിച്ചമർത്തലിനെ തുടർന്ന് ജന്മനാട്ടിൽ നിന്നും വേരറ്റുപോകുകയും ക്യാമ്പുകളിൽ ജനിച്ചുവളരുകയും ചെയ്യുന്ന പുതിയ തലമുറയ്ക്ക് തങ്ങളുടെ പാരമ്പര്യം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘രോഹാംഗ് ഹെറിറ്റേജ് സെന്റർ’ ആരംഭിച്ചിരിക്കുന്നത്.
ബംഗ്ലാദേശ് അധികൃതരുടെ സാമ്പത്തിക സഹായത്തോടെ കോക്സ് ബസാറിലെ ‘ക്യാമ്പ് 6’-ലുള്ള ഒരു ചെറിയ മുളങ്കുടിലിലാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. രോഹിംഗ്യൻ ചരിത്രരേഖകൾ, അപൂർവ്വ ചിത്രങ്ങൾ, ചരിത്ര മാപ്പുകൾ, രോഹിംഗ്യൻ ഭാഷയിലുള്ള ശബ്ദരേഖകൾ എന്നിവയടക്കം ഇരുനൂറിലധികം പ്രദർശന വസ്തുക്കൾ ഇവിടെയുണ്ട്. അഭയാർത്ഥികളായി ബംഗ്ലാദേശിലേക്ക് പലായനം ചെയ്തപ്പോൾ രോഹിംഗ്യൻ ജനത ജീവൻ പണയം വെച്ചും കൂടെക്കൂട്ടിയ പഴയ പത്രക്കുറിപ്പുകൾ, പുസ്തകങ്ങൾ, രേഖകൾ എന്നിവയിൽ നിന്നാണ് ഇവ ശേഖരിച്ചത്.
മ്യാൻമർ സൈന്യം വംശീയ ശുദ്ധീകരണത്തിന്റെ ഭാഗമായി ഇല്ലാതാക്കാൻ ശ്രമിച്ച രോഹിംഗ്യകളുടെ ബൗദ്ധികവും നിർമ്മാണപരവുമായ ചരിത്രവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിർമ്മിക്കപ്പെട്ട 25 പുരാതന പള്ളികളുടെ ചിത്രങ്ങൾ അടങ്ങിയ ആൽബം ഇതിലൊന്നാണ്. ഈ പള്ളികളിൽ ഭൂരിഭാഗവും ഇപ്പോൾ തകർക്കപ്പെട്ടിട്ടുണ്ടെങ്കിലും ചിത്രങ്ങളിലൂടെ അവയുടെ ചരിത്രം ഇവിടെ സംരക്ഷിക്കപ്പെടുന്നു.

