Thursday, July 23, 2026

നീറ്റ് പരീക്ഷാ തട്ടിപ്പ്; ഡൽഹിയിൽ സമരം സംഘർഷഭരിതം, പ്രതിപക്ഷ നേതാവുൾപ്പെടെ നൂറിലധികം വിദ്യാർത്ഥികൾക്ക് പരിക്ക്

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം സംഘർഷ ഭരിതമായി. പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്ക്‌റോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നേരെ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു. പൊലീസിന്റെ അതിക്രമത്തിൽ നൂറിലധികം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും പലരെയും ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പരീക്ഷാ തട്ടിപ്പുകളിൽ അന്വേഷണം നടത്തണമെന്ന് ഉന്നയിച്ചുമാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം ശക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസിന്റെ നടപടിയെ ശക്തമായി അപലപിച്ച നേതാക്കൾ, രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി തകർക്കുന്ന ഭരണകൂട നിലപാടിനെതിരെ പ്രതിഷേധം അറിയിച്ചു.

അതേസമയം പ്രതിപക്ഷം വിദ്യാർത്ഥികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആരോപിച്ചു. എന്നാൽ ഭീഷണികൾക്കോ ആരോപണങ്ങൾക്കോ മുന്നിൽ പതറില്ലെന്നും ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കും വരെ സമരം തുടർന്നു കൊണ്ടുപോകുമെന്നും സംഘാടകർ വ്യക്തമാക്കി. പൊലീസിന്റെ കേസ് നടപടികളും അടിച്ചമർത്തലുകളും അതിജീവിച്ച് സമരം രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News