Tuesday, July 7, 2026

“ഞാൻ ഇവിടെ നിന്നാണ് തുടങ്ങിയത്, ഇവിടെത്തന്നെ അവസാനിപ്പിക്കുന്നു”: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മർ ജൂനിയർ. 2026 ലോകകപ്പിൽ നോർവേയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി പുറത്തായതിനു തൊട്ടുപിന്നാലെയാണ് താരം, ബൂട്ട് അഴിച്ചുവയ്ക്കുന്നതായി അറിയിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവേ ബ്രസീലിനെ അട്ടിമറിച്ചത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഏക ഗോൾ നേടിയത് നെയ്മർ ആയിരുന്നു. എന്നാൽ ബ്രസീലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആ ഗോളിന് സാധിച്ചില്ല. മത്സരശേഷം വികാരാധീനനായാണ് താരം മാധ്യമങ്ങളോട് തന്റെ വിരമിക്കൽ വാർത്ത പങ്കുവച്ചത്.

“ഞാൻ പരമാവധി ശ്രമിച്ചു. എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. ഞാൻ ഇവിടെ നിന്നാണ് തുടങ്ങിയത്; ഇവിടെത്തന്നെ അവസാനിപ്പിക്കുന്നു” എന്നായിരുന്നു നെയ്മർ പ്രതികരിച്ചത്.

അതേസമയം, ബ്രസീൽ ദേശീയ ജേഴ്‌സിയിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡുമായാണ് നെയ്മർ കരിയർ അവസാനിപ്പിക്കുന്നത്. 130 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 80 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും നെയ്മർ ക്ലബ് ഫുട്ബോളിൽ കളി തുടരുമെന്നാണ് റിപ്പോർട്ടുകൾ.

പരിക്കിന്റെ പിടിയിലായിരുന്ന നെയ്മർക്ക് ഈ ലോകകപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളും നഷ്ടമായിരുന്നു. പ്രീ-ക്വാർട്ടറിലും പകരക്കാരനായി കളത്തിലിറങ്ങിയ താരത്തിന് നോർവേയ്ക്കെതിരായ മത്സരത്തിലും മുഴുവൻ സമയം കളിക്കാൻ കോച്ച് കാർലോ ആൻസലോട്ടി അവസരം നൽകിയിരുന്നില്ല. 1990 നു ശേഷം ആദ്യമായാണ് ബ്രസീൽ ഇത്രയും നേരത്തെ ലോക കപ്പിൽ നിന്ന് പുറത്താകുന്നത്. യൂറോപ്യൻ രാജ്യങ്ങളോട് ലോക കപ്പ് നോക്കൗട്ടിൽ ബ്രസീൽ നേരിടുന്ന തുടർച്ചയായ ഏഴാമത്തെ പരാജയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News