മലേഷ്യയിൽ റോഹിങ്ക്യൻ അഭയാർത്ഥി കുട്ടികൾക്ക് നേരെ ഓൺലൈനിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും കാരണം നിരവധി സ്കൂളുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. റോഹിങ്ക്യൻ മുസ്ലീം വിഭാഗത്തിൽപ്പെട്ട 12 കാരിയായ നൂർ എന്ന കുട്ടിക്ക് ക്ലാസിലേക്ക് പോകുന്ന വഴി രണ്ടുപേരുടെ ഭീഷണി നേരിടേണ്ടിവന്നത് ഇതിന്റെ ഉദാഹരണമാണ്. “നിങ്ങൾ എന്തിനാണ് സ്കൂളിൽ പോകുന്നത്? ഞങ്ങളുടെ രാജ്യം പിടിച്ചെടുക്കാനാണോ?” എന്ന് ചോദിച്ച് തടഞ്ഞതിനെ തുടർന്ന് ജൂൺ മുതൽ നൂർ സ്കൂളിൽ പോക്ക് നിർത്തിയിരിക്കുകയാണ്.
റോഹിങ്ക്യൻ കുട്ടികൾക്ക് എതിരെയുള്ള ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും സുരക്ഷാ പ്രശ്നങ്ങളും കാരണം രാജ്യത്തുടനീളം കുറഞ്ഞത് ഒമ്പത് അഭയാർത്ഥി സ്കൂളുകളെങ്കിലും ഇതിനകം പൂട്ടിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെറ്റയുടെ കീഴിലുള്ള ത്രെഡ്സ്, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ റോഹിങ്ക്യകൾക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും വ്യാപകമാണ്.
അനധികൃതമായി പ്രവർത്തിക്കുന്നുവെന്ന് കാണിച്ച് അധികാരികളും ചില സ്കൂളുകളും സ്ഥാപനങ്ങളും പൂട്ടിച്ചിട്ടുണ്ട്. മലേഷ്യയിൽ അഭയാർത്ഥികൾക്ക് ഔദ്യോഗികമായി തൊഴിലെടുക്കാനോ കുട്ടികൾക്ക് ദേശീയ വിദ്യാഭ്യാസ സംവിധാനത്തിൽ പ്രവേശനം നേടാനോ അനുവാദമില്ല. അതിനാൽ എൻ.ജി.ഒ കളും അനൗദ്യോഗിക കേന്ദ്രങ്ങളുമാണ് ഇവരെ സഹായിക്കുന്നത്.
കോവിഡ് മഹാമാരിക്കാലം മുതലാണ് മലേഷ്യയിൽ റോഹിങ്ക്യകൾക്കെതിരായ ജനവികാരം ശക്തമായത്. അഭയാർത്ഥികൾ വൈറസ് പരത്തുന്നുവെന്നും സാംസ്കാരിക മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും നാട്ടുകാരുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.

