Tuesday, May 26, 2026

‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’: ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ ചാക്രികലേഖനം പ്രസിദ്ധീകരിച്ചു

ലെയോ പതിനാലാമൻ പാപ്പയുടെ ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന പ്രഥമ ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. ലിയോ പതിമൂന്നാമൻ പാപ്പയുടെ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തിന്റെ 135-ാം വാർഷികദിനമായ, മെയ് 15 നാണ് ലെയോ പതിനാലാമൻ പാപ്പ, തന്റെ പ്രഥമ ചാക്രികലേഖനത്തിൽ ഒപ്പുവച്ചത്. ‘നിർമ്മിതബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് പുതിയ ചാക്രികലേഖനം.

സാങ്കേതിക പുരോഗതിയെ മനുഷ്യന്റെ അന്തസ്സിനും ഐക്യദാർഢ്യത്തിനും പൊതുനന്മയ്ക്കുമായി ഉപയോഗിക്കാൻ അന്താരാഷ്ട്രസമൂഹം തയ്യാറാകണമെന്ന് മാർപ്പാപ്പ പ്രഥമ ചാക്രികലേഖനത്തിലൂടെ ആവശ്യപ്പെടുന്നു. വത്തിക്കാൻ സിനഡ് ഹാളിൽ മെയ് 25 തിങ്കളാഴ്ച നടന്ന ചടങ്ങിൽ സംസാരിക്കവെ, നിലവിലെ സാങ്കേതികവിപ്ലവത്തെ ‘യുഗനിർണ്ണായകമായ ഒരു വഴിത്തിരിവ്’ എന്നാണ് മാർപ്പാപ്പ വിശേഷിപ്പിച്ചത്. എഐ നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെയും ഇതിനകം സ്വാധീനിച്ചുകഴിഞ്ഞുവെന്നും മനുഷ്യന്റെ സഹവർത്തിത്വത്തെ നിർണ്ണയിക്കുന്ന തീരുമാനങ്ങളെയും യുദ്ധങ്ങൾ നയിക്കുന്ന രീതികളെയും ഇത് നാടകീയമായി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടി.

ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, അധ്യാപകർ, രാഷ്ട്രീയനേതാക്കൾ, അതുപോലെ തന്നെ പുതിയ തലമുറയുടെ ഭാവിയിൽ ആശങ്കാകുലരായ കുടുംബങ്ങൾ എന്നിവരുമായി നടത്തിയ വിപുലമായ ചർച്ചകളിൽ നിന്നാണ് ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ രൂപപ്പെട്ടതെന്ന് മാർപാപ്പ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News