ഇന്ത്യയിൽ ആദ്യം സ്ഥാപിക്കപ്പെട്ടതും ഇന്നും പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സ്കോട്ടിഷ് ചർച്ച് കോളേജ് സ്ഥാപിക്കപ്പെട്ടത് 1830 ജൂലൈ 13 നായിരുന്നു. വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ ചർച്ച് ഓഫ് സ്കോട്ട്ലന്റിന്റെ ആദ്യ മിഷനറിയായിരുന്ന ഡോ. അലക്സാണ്ടർ ഡഫ് ആണ് കോളേജ് സ്ഥാപിച്ചത്. കൽക്കട്ടയിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനം ജനറൽ അസംബ്ലീസ് ഇൻസ്റ്റിറ്റ്യൂഷൻ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. 1929 ലാണ് സ്കോട്ടിഷ് കോളേജ് എന്ന പേര് സ്വീകരിച്ചത്. ഗവർണർമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ തുടങ്ങി നിരവധി പ്രമുഖർ ഈ കോളേജിന്റെ പൂർവവിദ്യാർഥികളായുണ്ട്.
മിസിസിപ്പി നദിയുടെ ഉദ്ഭവം കണ്ടെത്തിയത് 1832 ജൂലൈ 13 നായിരുന്നു. ഹെൻറി റോവ് സ്കൂൾക്രാഫ്റ്റ് എന്ന അമേരിക്കൻ പര്യവേഷകനാണ് നദിയുടെ ഉദ്ഭവസ്ഥാനം ലോകത്തെ അറിയിച്ചത്. മിസിസിപ്പി എവിടെയാണ് ആരംഭിക്കുന്നത് എന്നതു സംബന്ധിച്ച് നിലനിന്നിരുന്ന നിരവധി അഭ്യൂഹങ്ങളുടെ യാഥാർഥ്യം തേടിപ്പുറപ്പെട്ട ഹെൻറി ക്രാഫ്റ്റിനെ, പ്രദേശത്തെ ഒജിബ്വേ ഗോത്രത്തലവനാണ് മിസിസിപ്പി ആരംഭിക്കുന്ന തടാകത്തിലെത്തിച്ചത്. ലേക്ക് ഇതാസ്ക എന്നാണ് ഇന്ന് ആ തടാകം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1475 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.
1923 ജൂലൈ 13 നാണ് അമേരിക്കയിലെ ലൊസാഞ്ചൽസിലുള്ള ലീ മലമുകളിൽ പ്രശസ്തമായ ഹോളീവുഡ് സൈൻ സ്ഥാപിച്ചത്. സിനിമാ മേഖലയിലെ അതിപ്രശസ്തമായ അടയാളങ്ങളിലൊന്നാണിത്. ഹോളിവുഡ് ലാൻഡ് എന്നായിരുന്നു 50 അടി ഉയരമുള്ള അക്ഷരങ്ങളിൽ ആദ്യം മലമുകളിൽ എഴുതിയിരുന്നത്. 1949 ലാണ് ലാൻ എന്ന നാലക്ഷരങ്ങൾ അതിൽനിന്നു മാറ്റിയത്. റിയൽ എസ്റ്റേറ്റ് പരസ്യത്തിന്റെ ഭാഗമായി ഒരുവർഷത്തേക്കു വേണ്ടിയാണ് ഇത് സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് ഹോളിവുഡ് സിനിമയുടെ ഭാഗമാകുകയായിരുന്നു. 1978 ൽ പ്ലേബോയ് മാഗസിന്റെ സ്ഥാപകൻ ഹ്യൂഗ് ഹെഫ്നറിന്റെ നേതൃത്വത്തിൽ ആദ്യം സ്ഥാപിച്ച അക്ഷരങ്ങൾ മാറ്റിസ്ഥാപിച്ചു.

