Sunday, June 7, 2026

ചരിത്രത്തിൽ ഈ ദിനം: ജൂൺ 06

ബീഹാറിൽ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ട്രെയിനപകടം നടന്നത് 1981 ജൂൺ ആറിനായിരുന്നു. ഇന്ത്യയിൽ നടന്ന ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിലൊന്നാണിത്. ബഗ്മതി നദിയുടെ പാലത്തിലേക്കു കയറിയ ട്രെയിൻ പാളംതെറ്റി പുഴയിലേക്കു മറിയുകയായിരുന്നു. മൻസിയിൽനിന്ന് സഹർസയിലേക്കു പോയ തീവണ്ടിയുടെ ഏഴു ബോഗികളാണ് കനത്ത മഴമൂലം കവിഞ്ഞൊഴുകിയിരുന്ന പുഴയിലേക്കു വീണത്. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവത്തിൽ 250 ഓളം മരണങ്ങൾ സ്ഥിരീകരിച്ചു. നൂറുകണക്കിനാളുകളെ കാണാതാകുകയും ചെയ്തു.

ഇന്ത്യൻസൈന്യം നേതൃത്വം നൽകിയ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന സൈനികനടപടി അവസാനിച്ചത് 1984 ജൂൺ ആറിനാണ്. പഞ്ചാബിന്റെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ച് വളവും വെള്ളവും നൽകി വളർത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രൻവാലയെ പിടികൂടുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം. ഒരു സൈനിക ഓപ്പറേഷൻ നടത്തി ഭിന്ദ്രൻവാല അടക്കമുള്ളവരെ നിർമാർജനം ചെയ്തില്ലെങ്കിൽ പഞ്ചാബിൽ സ്ഥിതി കൈവിട്ടുപോകുമെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയതിനുശേഷമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിർണ്ണായകമായ ഈ തീരുമാനമെടുക്കുന്നതും ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകുന്നതും. ജൂൺ ഒന്നിന് ആരംഭിച്ച സൈനികനടപടികൾ അവസാനിച്ചത് ജൂൺ ആറിന് ഭിന്ദ്രൻവാലയും ജനറൽ ഷാബേഗ് സിംഗുമടക്കമുള്ള തീവ്രവാദികളെല്ലാം കൊല്ലപ്പെട്ടതിനുശേഷമാണ്.

ചൈനയിലെ ഷിയാനിലുള്ള റോഡിൽ ഒരു പ്രത്യേക നടപ്പാത തുറന്നുകൊടുത്തത് 2018 ജൂൺ ആറിനായിരുന്നു. മൊബൈൽ ഫോണിൽ നോക്കിനടക്കുന്നവർക്കു വേണ്ടിയായിരുന്നു നടപ്പാത. ചുവപ്പ്, പച്ച, നീല നിറങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഈ നടപ്പാത 80 സെ.മീ. വീതിയും, 100 മീ. നീളവുമുള്ളതാണ്. നടപ്പാതയിൽ സ്മാർട്ട് ഫോണിന്റെ ചിത്രങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News