ഭൂകമ്പം തകർത്തുകളഞ്ഞ പത്തുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ, അവൾ മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞത് നീണ്ട 32 മണിക്കൂറുകൾ! ഒടുവിൽ ഒരു കുപ്പി കെച്ചപ്പും അൽപം ചീസും കഴിച്ച് ബോധം നിലനിർത്തിയ പന്ത്രണ്ടുകാരി ഫാബിയാനയെ രക്ഷാപ്രവർത്തകർ അദ്ഭുതകരമായി പുറത്തെടുത്തു. വെനസ്വേലയെ നടുക്കിയ മഹാദുരന്തത്തിൽ നിന്നും പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ കൊച്ചുപെൺകുട്ടിയുടെ അതിജീവനം.
തകർന്നടിഞ്ഞ സ്വപ്നങ്ങൾ
ജൂൺ 24-നാണ് വെനസ്വേലയെ വിറപ്പിച്ചുകൊണ്ട് തുടർച്ചയായി രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. രണ്ടാമത്തേത് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ, നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു. ഭൂമി കുലുങ്ങുമ്പോൾ ഫാബിയാനയുടെ അമ്മ കരീന ബ്ലാൻകോ താൻ പഠിപ്പിക്കുന്ന ഫിറ്റ്നസ് ക്ലാസിലായിരുന്നു. മകൾ വീട്ടിൽ ഒറ്റയ്ക്കാണെന്ന ബോധ്യത്തിൽ അവർ ജീവനും കൊണ്ട് കാറോടിച്ച് വീട്ടിലേക്ക് പാഞ്ഞു. എന്നാൽ, വടക്കൻ ലാ ഗ്വൈറയിലെ തങ്ങളുടെ ഫ്ലാറ്റിന് മുന്നിലെത്തിയ കരീന കണ്ടത് നെഞ്ച് തകർക്കുന്ന കാഴ്ചയായിരുന്നു. അവർ താമസിച്ചിരുന്ന പത്തുനില കെട്ടിടം പൂർണ്ണമായും തകർന്ന് തരിപ്പണമായിക്കഴിഞ്ഞിരുന്നു. മകൾ മരിച്ചെന്ന് ഉറപ്പിച്ച അവർ അലമുറയിട്ടു കരഞ്ഞു.
അവശിഷ്ടങ്ങൾക്കുള്ളിലെ 32 മണിക്കൂറുകൾ
കെട്ടിടം തകരുമ്പോൾ ഒന്നാം നിലയിലെ ഫ്ലാറ്റിലായിരുന്ന ഫാബിയാന അടുക്കളയിലെ കൗണ്ടറിൽ മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു. ചുവരുകൾ ഇടിഞ്ഞുവീണ് അവശിഷ്ടങ്ങൾക്കിടയിലേക്ക് കുട്ടി മലർന്നുവീണു. മേൽക്കൂര അവളുടെ മുഖത്തിന് തൊട്ടടുത്തായിരുന്നു. ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥ. കടുത്ത ക്ലോസ്ട്രോഫോബിയയും (ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയം) ആങ്സൈറ്റിയുമുള്ള കുട്ടിയായിരുന്നിട്ടും, ആ സമയത്ത് മനസ്സിലേക്ക് അമാനുഷികമായ ഒരു ശാന്തത വന്നതായി ഫാബിയാന പറയുന്നു.
“ഒരു ഘട്ടത്തിൽ ഞാൻ മരിക്കാൻ പോവുകയാണെന്നും ആരും എന്നെ രക്ഷിക്കില്ലെന്നും ഞാൻ ഉറപ്പിച്ചു. എന്നാൽ എങ്ങനെയോ ഉള്ളിൽ ഒരു പ്രതീക്ഷ ബാക്കിനിന്നു. വേദനയോടെ മടങ്ങിയിരുന്ന എന്റെ കാലുകൾ നേരെയാക്കാൻ അവശിഷ്ടങ്ങൾ മാറ്റുന്നതിനിടയിലാണ് എനിക്ക് ഒരു കുപ്പി കെച്ചപ്പും കുറച്ച് ചിരകിയ ചീസും കിട്ടിയത്. അതുകൊണ്ടാണ് ഞാൻ ബോധം കെട്ടുപോകാതെ ഇരുന്നത്” – ഫാബിയാന പറയുന്നു. നെറ്റ്‌വർക്ക് ഇല്ലാതിരുന്നിട്ടും തന്റെ ഫോണിൽ അവൾ ഒരു വീഡിയോ റെക്കോർഡ് ചെയ്തുവച്ചു. തങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നുമുള്ള ഫാബിയാനയുടെ ആ സന്ദേശം പിന്നീട് പുറംലോകം കണ്ട് കണ്ണീരണിഞ്ഞു.
രക്ഷകനായി എത്തിയ വിക്ടർ
തുടക്കത്തിൽ എത്തിയ ഫയർഫോഴ്സ് സംഘത്തിന് കുട്ടിയുടെ ശബ്ദം കേൾക്കാൻ കഴിയാഞ്ഞതിനാൽ അവർ രക്ഷാപ്രവർത്തനം നിർത്തി മടങ്ങിയിരുന്നു. കരീന വീണ്ടും നിരാശയുടെ അഗാധതയിലേക്ക് വീണപ്പോഴാണ് വിക്ടർ എന്ന സന്നദ്ധപ്രവർത്തകൻ അവിടെയെത്തുന്നത്. അവശിഷ്ടങ്ങൾക്കു മുകളിൽ കയറി അദ്ദേഹം നിരന്തരം വിളിച്ചതോടെ ഫാബിയാന മറുപടി നൽകി. മകൾ ജീവനോടെയുണ്ടെന്ന് ഉറപ്പായതോടെ നാട്ടുകാരും മറ്റ് രക്ഷാപ്രവർത്തകരും ഇരച്ചെത്തി. രാത്രിയായതോടെ ജനങ്ങൾ തങ്ങളുടെ ബൈക്കുകളുടെയും കാറുകളുടെയും ഹെഡ് ലൈറ്റുകൾ തകർന്ന കെട്ടിടത്തിലേക്ക് തിരിച്ചുവച്ച് വെളിച്ചമൊരുക്കി. ഒടുവിൽ, പാറക്കഷണങ്ങൾ തുരന്ന് അവർ ഫാബിയാനയുടെ മുഖം കാണാൻ പാകത്തിൽ ഒരു സുഷിരമുണ്ടാക്കി. ആ സുഷിരത്തിലൂടെ പുഞ്ചിരിയോടെ നോക്കുന്ന ഫാബിയാനയുടെ വീഡിയോ വെനസ്വേലയിലാകെ തരംഗമായി മാറി.
ഒടുവിൽ അമ്മയുടെ അരികിലേക്ക്
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ, അതായത് ഭൂകമ്പം ഉണ്ടായി 32 മണിക്കൂറുകൾക്കു ശേഷം, ഫാബിയാനയെ പുറത്തെടുക്കാനുള്ള ഇടുങ്ങിയ തുരങ്കത്തിന്റെ നിർമ്മാണം രക്ഷാപ്രവർത്തകർ പൂർത്തിയാക്കി. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നടന്ന് പുറത്തേക്കു വന്ന മകളെ കരീന കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇടത് കാലിലെ ചെറിയൊരു ഒടിവും കുറച്ച് പോറലുകളും ഒഴിച്ചാൽ ഫാബിയാനയ്ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. ആകെ അൻപതോളം ആളുകൾ താമസിച്ചിരുന്ന ആ വലിയ ഫ്ലാറ്റിൽ നിന്ന് ജീവനോടെ രക്ഷപെട്ടത് ഫാബിയാന ഉൾപ്പെടെ കേവലം മൂന്നുപേർ മാത്രമാണ്. വെനസ്വേലയിൽ ഇതുവരെ 3,300 ലധികം പേരുടെ മരണം സ്ഥിരീകരിക്കുകയും പതിനായിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വൻ നാശനഷ്ടങ്ങൾക്കിടയിലും മകളെ ജീവനോടെ തിരികെ കിട്ടിയ ആശ്വാസത്തിലാണ് ഈ അമ്മ.

