കടുത്ത കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അൽഫോൻസോ മാമ്പഴത്തിന്റെ ഉത്പാദനം മഹാരാഷ്ട്രയിൽ വൻ പ്രതിസന്ധിയിൽ. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അൽഫോൻസോ വിളവെടുപ്പിൽ ഇത്തവണ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഓൺലൈൻ ഗ്രോസറി പ്ലാറ്റ്‌ഫോമുകൾ വഴിയും മറ്റും മുൻകൂട്ടി ലഭിച്ച ഓർഡറുകൾ കൃത്യസമയത്ത് എത്തിച്ചു നൽകാൻ കഴിയാതെ കർഷകർ വലയുകയാണ്.
മഹാരാഷ്ട്രയിലെ പ്രശസ്തമായ തീരദേശ നഗരമായ ദേവ്ഗഡിലെ ഒരു കർഷക തങ്ങളുടെ മൂന്ന് ഏക്കറിലെ തോട്ടത്തിൽ ഇത്തവണ അൽഫോൻസോ മാമ്പഴങ്ങൾ ഒന്നുപോലും ഉണ്ടായില്ലെന്ന് പറയുന്നു. മുൻപ് ലഭിച്ച ഓർഡറുകൾ പൂർത്തിയാക്കാനും ഉപഭോക്താക്കളെ നിലനിർത്താനും മറ്റ് വലിയ തോട്ടങ്ങളിൽ നിന്ന് കൂടുതൽ വിലയ്ക്ക് മാമ്പഴം വാങ്ങി നൽകേണ്ട അവസ്ഥയിലാണെന്നും ഇവർ വ്യക്തമാക്കി.
ഡിസംബർ, ജനുവരി മാസങ്ങളിൽ പകലിലെയും രാത്രിയിലെയും താപനിലയിലുണ്ടായ അസാധാരണമായ വ്യത്യാസമാണ് ഇത്തവണ അൽഫോൻസോയുടെ പൂവിടലിനെ ആദ്യഘട്ടത്തിൽ ബാധിച്ചതെന്ന് ദേവ്ഗഡിലെ സർക്കാർ കാർഷിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ ‘എൽ നിനോ’ പ്രതിസന്ധിയുടെ ഭാഗമായി അനുഭവപ്പെട്ട കടുത്ത ചൂട് അവശേഷിച്ച മാമ്പഴങ്ങളെക്കൂടി നശിപ്പിച്ചു. ഇത് മാമ്പഴത്തിനുള്ളിൽ ‘സ്പോഞ്ചി ടിഷ്യൂ’ (Spongy tissue) രൂപപ്പെടുന്നതിനും ഫലം ഭക്ഷ്യയോഗ്യമല്ലാതാകുന്നതിനും കാരണമായി. പ്രമുഖ മാമ്പഴ ഉത്പാദന കേന്ദ്രങ്ങളിൽ ഏകദേശം 85% മുതൽ 90% വരെ വിളനാശം സംഭവിച്ചതായാണ് ഔദ്യോഗിക സർവേകൾ വ്യക്തമാക്കുന്നത്.

