നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി ഇറാനെതിരായുള്ള അമേരിക്കയുടെ ആക്രമണങ്ങൾ തുടർച്ചയായ രണ്ടാം ദിവസവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർത്തിവെച്ചതായി യു.എസ് അംബാസഡർ മൈക്ക് വാൾട്ട്സ് അറിയിച്ചു. ഇതിന് മറുപടിയായി മേഖലയിലെ തങ്ങളുടെ പ്രത്യാക്രമണങ്ങൾ നിർത്തിവച്ചതായി ഇറാൻ സൈനിക വക്താവും ഞായറാഴ്ച വ്യക്തമാക്കി.
ചർച്ചകൾക്ക് ഇടം നൽകാനാണ് പ്രസിഡന്റ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മൈക്ക് വാൾട്ട്സ് പറഞ്ഞു. യു.എസ് ആയുധശേഖരത്തിൽ കുറവ് വന്നതുകൊണ്ടാണ് ആക്രമണം നിർത്തിയതെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുകൾ വാൾട്ട്സ് തള്ളി. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും എല്ലാ സാധ്യതകളും പ്രസിഡന്റ് തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം എൻ.ബി.സിയോട് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും സംബന്ധിച്ച് ഇറാനും ഒമാനും വെള്ളിയും ശനിയും ടെഹ്‌റാനിൽ നിർണായക ചർച്ചകൾ നടത്തി. ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, ഇറാനിയൻ കപ്പലുകളിലും ഖാർഗ് ദ്വീപിലും അമേരിക്കൻ വിമാനങ്ങൾ ബോംബിടുന്നതിന്റെ എ.ഐ നിർമ്മിത ചിത്രങ്ങൾ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.

